ബോൾഗാട്ടി പാലസിൽ അലൻ വാക്കറിന്റെ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മൂന്ന്പേരെ കസ്റ്റഡിയിലെടുത്തു. കേരള പൊലീസ് അംഗങ്ങളാണ് ഡൽഹിയിൽ നിന്നും ഇവരെ പിടികൂടിയത്. കാണാതായ 21 ഫോണുകളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ചു വരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പർ പൊലീസിന്റെ കൈവശമുണ്ട്. പ്രതികൾ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിപാടിക്കിടെ മോഷണം നടത്തിയതെന്നാണ് പൊലിസിന്റെ നിഗമനം. കൊച്ചിയിൽ പതിനായിരത്തോളം പേർ പങ്കെടുത്ത മെഗാ ഡിജെ ഷോയ്ക്കിടെയാണ് മോഷണം നടന്നത്. ലക്ഷങ്ങൾ വില വരുന്ന 36 ഫോണുകളാണ് പരിപാടിക്കിടെ മോഷണം പോയത്. അതിൽ 21 എണ്ണം ഐഫോണുകളാണ്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്ത പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.