Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രം ; ഡബ്ല്യുസിസിയ്ക്ക് അഭിനന്ദനങ്ങളുമായി സാമന്ത

മലയാള സിനിമയിലെ ലൈംഗിക പീഡനത്തെയും കാസ്റ്റിംഗ് കൗച്ചിനെയും കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾക്ക് പിന്നാലെ വിമൻ ഇൻ സിനിമാ കളക്ടീവിന് പിന്തുണയുമായി സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷത്തിനായി പോരാടുന്നതിൽ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു. ‘വർഷങ്ങളായി കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തുവരുമ്പോൾ, ഞങ്ങൾ WCC യോട് കടപ്പെട്ടിരിക്കുന്നു എന്നാണ് സാമന്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ഓഗസ്റ്റ് 19ആം തീയതിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 295 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave A Reply

Your email address will not be published.