Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍ ; കാണാതായ ഏഴുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 5 കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. തിരുവണ്ണാമലൈ ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്വരയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ഫെയ്ഞ്ചല്‍ ചുഴലികാറ്റിൽ 1.5 കോടി ആളുകളെ ബാധിച്ചതായി എംകെ സ്റ്റാലിൻ തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. 2.11 ലക്ഷം ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നാശത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് 2,000 കോടി രൂപയുടെ അടിയന്തര ധനസഹായം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സ്റ്റാലിൻ അറിയിച്ചു.

Leave A Reply

Your email address will not be published.