KERALA NEWS TODAY-തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു.
പനിയെ തുടർന്നു നിരീക്ഷണത്തിലായിരുന്നു വിദ്യാർഥി.
തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്.
തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു ഇത്.
നിലവിൽ നിപ്പ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത് മൂന്നുപേരാണ്.
789 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്.
ഇവർ വീടുകളിൽ ഐസലേഷനിലാണ്. 157 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 13 പേർ മെഡിക്കൽ കോളജിൽ ഐസലേഷനിൽ കഴിയുന്നു. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നു കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാൽ സർവേകളും വിദഗ്ധ അന്വേഷണവും തുടങ്ങും. കോഴിക്കോട് ജില്ലയിൽ അടുത്ത 10 ദിവസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ എ.ഗീത ഉത്തരവിട്ടു. കോഴിക്കോട്ട് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു നിർദേശം. ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, തുടങ്ങിയ മറ്റു പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തണമെന്നാണ് നിർദേശം.
വിവാഹം, റിസപ്ഷൻ തുടങ്ങി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. പ്രോട്ടോക്കോൾ അനുസരിച്ചു ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി ഇത്തരം പരിപാടികൾ നടത്തണം. ഇതു സംബന്ധിച്ചു ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ചു മുൻകൂർ അനുമതി വാങ്ങണമെന്നും നിർദ്ദേശമുണ്ട്.