Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നാടക-സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

നാടക സിനിമാ പിന്നണി ​ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് അന്ത്യം. നാളെ രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും. പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തെ എന്ന ​ഗാനം വാസന്തിയെ ശ്രദ്ധേയയാക്കി. പതിമൂന്നാം വയസിലാണു വാസന്തി പച്ചപ്പനംതത്തേ… എന്ന പാട്ടു പാടുന്നത്. ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ച തിരമാല എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരവും ലഭിച്ചത് വാസന്തിക്കാണ്. വാസന്തിയുടെ അച്ഛൻറെ അടുത്ത കൂട്ടുകാരനായിരുന്നു ബാബുരാജ്. ബാബു രാജ് തന്നെയാണ് വാസന്തിയുടെ ​ഗുരു. ആദ്യ ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും അതേവർഷം തന്നെ രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ രണ്ടു പാട്ടു പാടി.

സിനിമാ ​ഗാനങ്ങൾക്ക് പുറമെ നാടക രം​ഗത്തും വാസന്തി തിളങ്ങി. ​ഗായിക മാത്രമായല്ല നായികയായും നിരവധി നാടകങ്ങളുടെ ഭാ​ഗമായി. നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടൽ, ദേശപോഷിണിയുടെ ഈഡിപ്പസ്, ബഹദൂർ സംവിധാനം ചെയ്ത വല്ലാത്ത പഹയൻ, പി.ജെ ആൻറണിയുടെ ഉഴുവുചാൽ, കുതിര വട്ടം പപ്പുവിനൊപ്പം രാജാ തീയേറ്റേഴ്സിന്റെ കറുത്ത പെണ്ണ്, കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിലും തിക്കോടിയൻറെ നിരവധി നാടകങ്ങളിലും വാസന്തി അഭിനേതാവും ഒപ്പം ഗായികയുമായി.സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമായി ആയിരക്കണക്കിന് പാട്ടുകൾ പാടി. ഗായകനും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ്. ഒൻപതാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം.

Leave A Reply

Your email address will not be published.