LOCAL NEWS-കുണ്ടറ : യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ഇളമ്പള്ളൂർ വേലുത്തമ്പി നഗർ നന്ദനം എൻ. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകൾ ആർ. സൂര്യ (22) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴോടെ വീടിന്റെ ടെറസിലാണ് കണ്ടെത്തിയത്.
ഒരു വർഷം കഴിഞ്ഞിട്ടും കേരള സർവകലാശാലയിൽ നിന്നു ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.
കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബിഎ ഹിസ്റ്ററി പൂർത്തിയാക്കിയെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.
വീട്ടുകാരുമായി സംസാരിച്ചു നിൽക്കുന്നതിനിടെ മുകളിലേക്ക് കയറിപ്പോയ സൂര്യയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ അന്വേഷിച്ചു ചെന്ന സഹോദരി ഐശ്വര്യ ആണ് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.
നിലവിളി കേട്ടെത്തിയ സമീപവാസികൾ ഉടൻ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റൂറൽ എസ്പി സുനിൽ എം. എൽ, ഡിവൈഎസ്പി എസ്. ഷെരീഫ്, കുണ്ടറ എസ്ഐമാരായ ബി. അനീഷ്, എ. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ചു.