ഫൈന്റ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു. പ്രവര്‍ത്തനം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് കമ്മറ്റി യോഗം ചേര്‍ന്ന് പിരിച്ചു വിടാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് നന്ദി അറിയിച്ചു. അര്‍ജ്ജുന്റെ കുടുംബത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്ര കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. അര്‍ജ്ജുനെ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ലോറി ഉടമകളും-തൊഴിലാളികളും നടത്തി വന്ന പ്രതിക്ഷേധത്തെ തുടര്‍ന്ന് ഈ രംഗത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ഉടമ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഫൈന്റ് അര്‍ജ്ജുന്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.
കുടുംബത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണാടക സര്‍ക്കാറില്‍ ഇടപെടുന്നതിന് മുഖ്യമന്ത്രിക്കും കോഴിക്കോട് എംപി എംകെ രാഘവനും നേരിട്ട് നിവേദനം നല്‍കിയതെന്ന് ആക്ഷന്‍ കമ്മറ്റി പത്രകുറിപ്പില്‍ പറയുന്നു. കമ്മറ്റിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് അംഗങ്ങള്‍ സ്വയം നിറവേറ്റിയതാണെന്നും ഇവര്‍ വ്യക്തമാക്കി. ലോറി തൊഴിലാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംയുക്ത ട്രേഡ് യൂണിയനുകളും ഉടമകളും നടത്തിവരുന്ന പ്രക്ഷോഭത്തോടൊപ്പം അണി ചേരാനും തീരുമാനിച്ചുവെന്നും ആക്ഷന്‍ കമ്മറ്റി അറിയിച്ചു.