Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

വിദഗ്ധ സംഘം 19ന് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെത്തും

ഉരുള്‍പൊട്ടല്‍ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം 19ന് എത്തും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങള്‍ വിദഗ്ധസംഘം സന്ദര്‍ശിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. അതേസമയം മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപികരിച്ചു.

തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഒരു ഡെപ്യൂട്ടി കളക്ടര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളും വൈത്തിരി തഹസില്‍ദാര്‍ കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. താല്‍ക്കാലിക പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് 41 കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പ് 24 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ 65 കെട്ടിടങ്ങള്‍ ഉപയോഗ സജ്ജമാക്കിക്കഴിഞ്ഞു. ഇതിനു പുറമെ, അറ്റകുറ്റപണികള്‍ക്കു ശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും താല്‍ക്കാലിക പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുണ്ട്. വാടക നല്‍കി ഉപയോഗിക്കാവുന്ന 286 വീടുകള്‍ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.