വർക്കലയിൽ മത്സ്യത്തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ കസ്റ്റഡിയില്‍. താഴെവെട്ടൂർ സ്വദേശികളായ ജഹാസ്, ജവാദ്, യൂസഫ്, നാസിമുദ്ദീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് വര്‍ക്കല പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം. വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് ( 49) എന്നിവർക്കാണ് വെട്ടേറ്റത്. മൂന്ന് പേരും മത്സ്യത്തൊഴിലാളികളാണ്.
കടൽത്തീരത്ത് നിന്ന് ജംഗ്ഷനിൽ എത്തിയ ഇവരെ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ മൂന്ന് പേരേയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദ്ദിച്ചും അപയപ്പെടുത്താൻ ശ്രമിച്ചിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇരു സംഘവും തമ്മിൽ രാവിലെ നിസ്സാര കാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നതായും അസഭ്യം വിളിക്കുകയും ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.