KERALA NEWS TODAY-ആര്യനാട് : സവാരിക്കിടെ കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥന് തിരികെനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.
ആര്യനാട് ഇറവൂര്‍ കോവില്‍വിളാകത്ത് വീട്ടില്‍ കെ.സുരേഷ് കുമാറാണ് തിരുവോണനാളില്‍ ഓട്ടോത്തൊഴിലാളികള്‍ക്കാകെ അഭിമാനനിമിഷം സമ്മാനിച്ചത്.
തമ്പാനൂരിലെ പ്രീ പെയ്ഡ് ഓട്ടോസ്റ്റാന്‍ഡിലാണ് സുരേഷ് ഓട്ടോ ഓടിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 5 മണിയോടെ പാലക്കാട്ട് നിന്ന് ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയ പ്രഭുവും ഭാര്യ ആരതിയും പ്രീ പെയ്ഡ് സ്റ്റാന്‍ഡില്‍നിന്ന് സുരേഷിന്റെ ഓട്ടോയില്‍ കുറ്റിച്ചല്‍ പരുത്തിപ്പള്ളിയിലുള്ള തങ്ങളുടെ വീട്ടിലേക്ക് പോയി.
ഇവരെ വീട്ടില്‍ ഇറക്കിയശേഷം തന്റെ വീട്ടിലെത്തിയപ്പോഴാണ് ഓട്ടോയ്ക്കുള്ളില്‍ കിടന്ന സ്വര്‍ണമാല സുരേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഉടന്‍തന്നെ ഉടമസ്ഥന്റെ വീട്ടിലെത്തി മാല കിട്ടിയ വിവരം അറിയിച്ചു.
അപ്പോഴാണ് തങ്ങളുടെ സ്വര്‍ണമാല നഷ്ടപ്പെട്ട വിവരം ഉടമയായ പ്രഭുവും അറിയുന്നത്. തുടര്‍ന്ന് പ്രഭുവിനെയും കൂട്ടി നെയ്യാര്‍ഡാം സ്റ്റേഷനില്‍ എത്തി എ.എസ്.ഐ. റെജി ലൂക്കോസിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് മാല കൈമാറി. നഷ്ടപ്പെട്ട സ്വര്‍ണമാലയ്ക്ക് ഒന്നര പവന്‍ തൂക്കമുണ്ടെന്ന് പ്രഭു പറഞ്ഞു.