ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി താലിബാൻ. ആക്രമണത്തിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു. അതിർത്തി പ്രദേശങ്ങളിലെ പാകിസ്ഥാൻ പോസ്റ്റുകൾക്ക് നേരെ നിരവധി തവണ ആക്രമണങ്ങൾ നടന്നതായാണ് വിവരം. പാകിസ്ഥാന്റെ രണ്ട് സൈനിക പോസ്റ്റുകൾ താലിബാൻ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് പ്രതികാരമായാണ് പാകിസ്ഥാനിലെ ഒന്നിലധികം സ്ഥലങ്ങളിൽ താലിബാൻ സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണം നടത്തിയ കാര്യം താലിബാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, പാകിസ്ഥാന്റെ പേര് എടുത്ത് പറയാതെ, സാങ്കൽപ്പിക രേഖയ്ക്ക് അപ്പുറത്ത് ആക്രമണം നടത്തിയെന്നാണ് താലിബാൻ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാനുമായി തർക്കമുള്ള അതിർത്തി പ്രദേശങ്ങളെ അഫ്ഗാനിസ്ഥാൻ ഇത്തരത്തിലാണ് വിശേഷിപ്പിക്കുന്നത്.