അനുമതിയില്ലാതെ ചിത്രത്തിൽ ഗാനം ഉപയോഗിച്ചതിന് പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ബാച്ചിലര്‍ പാര്‍ട്ടി’ യിലാണ് അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചത്. നിലവില്‍ എംആര്‍ടി മ്യൂസിക്കിന് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നതാണ് താരത്തിനെതിരെയുള്ള കേസ്. ‘ന്യായ എല്ലിഡെ’ (1982), ‘ഗാലി മാതു’ (1981) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ ബാനറായ പരംവാ സ്റ്റുഡിയോയും അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ പങ്കാളികളിലൊരാളായ നവീന്‍ കുമാര്‍ പരാതിപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി ഗാനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി നടൻ എംആര്‍ടി കമ്പനിയെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ലെന്ന് നവീന്‍ തന്റെ പരാതിയില്‍ പറയുന്നു. പകര്‍പ്പവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാര തുകയായിട്ടാണ് 20 ലക്ഷം രൂപ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.