മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ സ്ത്രീയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്. ഖുകുമോനി ഷെയ്ഖ് എന്ന സ്ത്രീയെയാണ് പൊലീസ് ചോദ്യം ചെയ്തത്. ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന പ്രതി ശരീഫുള്‍ ഇസ്‌ലാമിന് സിം കാർഡ് നൽകിയത് ഖുകുമോനി ഷെയ്ഖാണെന്ന് പൊലീസ് പറഞ്ഞു.നാദിയ ജില്ലയിലെ ചാപ്ര സ്വദേശിനിയാണ് ഖുകുമോനി ഷെയ്ഖ്. യുവതിക്ക് ശരീഫുളിനെ അറിയാമെന്നും പൊലീസ് പറഞ്ഞു.
മേഘാലയ വഴിയാണ് പ്രതി ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേഘാലയയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലുളള ദൗകി പുഴ കടന്നാണ് ഇയാൾ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. പശ്ചിമ ബംഗാളിൽ ഏതാനും ദിവസങ്ങൾ മാത്രം താമസിച്ച ഇയാൾ പിന്നീട് ജോലി തിരഞ്ഞ് മുംബൈയിൽ എത്തുകയായിരുന്നു. മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് ഒരു പ്രദേശവാസിയുടെ ആധാർ കാർഡ് ഉപയോഗിച്ച് പ്രതി സിം കാർഡ് എടുക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.അതേസമയം സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ സംശയങ്ങളും ദുരൂഹതകളും ഉയർന്നിട്ടുണ്ട്.
ശരീഫുള്‍ ഇസ്‌ലാം കുറ്റസമ്മതം നടത്തുകയും തെളിവെടുപ്പിൽ രംഗങ്ങൾ പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാള്‍ക്ക് തനിയെ ഇത് ചെയ്യാനാകില്ലെന്നും ഒന്നിലധികംപേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസിന് സംശയമുണ്ട്. കൂടാതെ നടന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ പൊലീസ് ഇപ്പോള്‍ പിടികൂടിയ ആളുടേതല്ലെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 19 വിരലടയാളങ്ങളാണ് പൊലീസിന് ആക്രമണം നടന്ന സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. ഇവയിലൊന്നു പോലും പ്രതിയുടേതല്ലെന്ന വിവരം ഞെട്ടലോടെയാണ് മുംബൈ പൊലീസ് സ്ഥിരീകരിച്ചത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്.