പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ ആശുപത്രിയിലെ ബലാത്സംഗ കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി കൊൽക്കത്ത ഹൈക്കോടതി. പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന സിബിഐ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി വ്യക്തമാക്കി. അതേസമയം സിബിഐയുടെ അപ്പീലില്‍ പ്രതി സഞ്ജയ് റോയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാ വിധിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു.