Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

അപൂർവ വൈറസ് ബാധ ; ഗുജറാത്തിൽ കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

ഗുജറാത്തിൽ അപൂർവ വൈറസ് ബാധയെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു. ചാന്തിപുര വൈറസ് ബാധിച്ച് ഒരാഴ്ചക്കിടെയാണ് 8 പേർ മരിച്ചത്. 15 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഈ സാഹചര്യത്തിൽ ഗുജറാത്തിൽ അതീവ ജാഗ്രത നിർദേശം നൽകി. കൂടാതെ രാജസ്ഥാനിൽ നിന്ന് രണ്ട് രോഗികളും മധ്യപ്രദേശിൽ നിന്ന് ഒരാളും ചികിത്സ തേടിയതായി ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. കഴിഞ്ഞയാഴ്ച സബർകാന്ത ജില്ലയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധർ ചന്ദിപുര വൈറസാണ് നാല് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് തിരിച്ചറിഞ്ഞതോടെയാണ് വ്യാപനത്തിൽ ആശങ്കയുണ്ടാക്കാൻ തുടങ്ങിയത്.

ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചു. ഇതിന് ശേഷം സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന നാല് കുട്ടികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. ശക്തമായ പനി, മസ്തിഷ്കജ്വരം എന്നിവയാണ് വൈറസ് രോഗലക്ഷണങ്ങൾ. കൊതുകുകൾ, ഈച്ചകൾ എന്നിവയാണ് രോ​ഗം പരത്തുന്നത്. ചാന്തിപുര വൈറസിന് പ്രത്യേക ചികിത്സയില്ലെങ്കിലും, നേരത്തെയുള്ള കണ്ടെത്തൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, രോഗലക്ഷണ പരിചരണം എന്നിവയിലൂടെ മരണങ്ങൾ തടയാൻ കഴിയും.

Leave A Reply

Your email address will not be published.