Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

UTS ആപ്പില്‍ ഏത് സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റും ഇനി എവിടെനിന്നും എടുക്കാം

KERALA NEWS TODAY-പത്തനംതിട്ട: സ്റ്റേഷന്‍ കൗണ്ടറില്‍ പോകാതെ ടിക്കറ്റെടുക്കാവുന്ന മൊബൈല്‍ ആപ്പായ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) റെയില്‍വേ കൂടുതല്‍ ജനോപകാരപ്രദമാക്കി.
ഇനിമുതല്‍ എവിടെയിരുന്നും വിദൂരത്തുള്ള സ്റ്റേഷനില്‍നിന്ന് മറ്റൊരിടത്തേക്കു ജനറല്‍ ടിക്കറ്റ് എടുക്കാം.
ഉദാഹരണത്തിന് പത്തനംതിട്ടയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്കു പോകാന്‍ ടിക്കറ്റെടുക്കാം.
പക്ഷേ, മൂന്നുമണിക്കൂറിനകം യാത്രചെയ്തിരിക്കണമെന്നുമാത്രം.

ഇതുവരെ നമ്മള്‍ നില്‍ക്കുന്ന പരിസരപ്രദേശങ്ങളിലെ സ്റ്റേഷനുകളില്‍നിന്നു മാത്രമേ ഈ ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ടിക്കറ്റെടുക്കുമ്പോള്‍ സ്റ്റേഷന്റെ 25 കിലോമീറ്റര്‍ പരിധിക്കകത്തുമായിരിക്കണം. അതാണിപ്പോള്‍ ദൂരപരിധിയില്ലാതാക്കിയത്. യു.ടി.എസ്. ആപ്പിലൂടെ ടിക്കറ്റെടുക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടിയതിനാലാണ് പുതിയ പരിഷ്‌കാരം. എക്‌സ്പ്രസ്/സൂപ്പര്‍ഫാസ്റ്റ് ജനറല്‍ ടിക്കറ്റുകള്‍, സീസണ്‍ ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിവയും ആപ്പിലൂടെ എടുക്കാം. ആപ്പില്‍ ടിക്കറ്റ് എടുക്കുന്നതു കൂടിയതോടെ കൗണ്ടറിലൂടെയുള്ള ടിക്കറ്റ് വില്‍പ്പന 30 ശതമാനം കുറഞ്ഞിട്ടുണ്ട്. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ക്യു.ആര്‍.കോഡ് പതിച്ചുള്ള സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ആപ്പിലെ ക്യു.ആര്‍. ബുക്കിങ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കാവുന്നതാണിത്. പാസഞ്ചര്‍ വണ്ടികള്‍ മാത്രം നിര്‍ത്തുന്ന ഹാള്‍ട്ട് സ്റ്റേഷനുകളില്‍നിന്നുള്ള ടിക്കറ്റുകളും എടുക്കാവുന്ന പരിഷ്‌കാരവും ആപ്പില്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.