Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നേമം ടെർമിനൽ നിർമാണത്തിന് റെയിൽവേയുടെ പച്ചക്കൊടി; 117 കോടി അനുവദിച്ചത് ഏപ്രിലിൽ

KERALA NEWS TODAY-തിരുവനന്തപുരം: നേമം കോച്ചിങ് ടെർമിനൽ നിർമാണത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി.
പദ്ധതിക്ക് ഏപ്രിലിൽ 116.57 കോടി രൂപ അനുവദിച്ചിരുന്നു.
2008 ൽ തയാറാക്കിയ ആദ്യ പദ്ധതിയിലെ പല നിർദേശങ്ങളും ഒഴിവാക്കി നിലവിൽ ഒന്നാംഘട്ട നിർമാണം മാത്രമാണു നടത്തുന്നത്.
വികസനത്തിന് കുറച്ചു ഭൂമി കൂടി ഏറ്റെടുക്കാനുമുണ്ട്. ടെർമിനൽ പൂർത്തിയാകുന്നതോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനായി നേമം മാറും. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും നേമത്തു നിന്നാവും.

കോച്ചിങ് ടെർമിലിന് പുതിയ കെട്ടിടം. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള 2 പിറ്റ് ലൈനുകൾ, അറ്റകുറ്റപ്പണി കഴിഞ്ഞവ നിർത്തിയിടാൻ 4 സ്റ്റേബിളിങ് ലൈനുകൾ, വലിയ തകരാറുകൾ പരിഹരിക്കാൻ 2 സിക് ലൈനുകൾ, ഷെഡ് എന്നിവയാണ് നിർമിക്കുന്നത്.
നാലു പ്ലാറ്റ്ഫോമുകൾ, അവയെ ബന്ധിപ്പിച്ച് അടിപ്പാത (സബ്‌വേ), നടപ്പാലം, സബ്‌വേയിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റും, എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ്, പാർക്കിങ് ഏരിയ തുടങ്ങിയവയുമുണ്ട്.
സിവിൽ എൻജിനീയറിങ് ജോലികൾക്ക് 99.58 കോടി രൂപ, സിഗ്‌നൽ നവീകരണത്തിന് 8.44 കോടി, ഇലക്ട്രിക്കൽ ജോലികൾക്ക് 4.25 കോടി, ഇലക്ട്രിക്കൽ ട്രാക്‌ഷന് 2.85 കോടി എന്നിങ്ങനെയാണ് വിഹിതം.

Leave A Reply

Your email address will not be published.