Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സിപിഐഎം കൊടി തോരണങ്ങള്‍ നശിപ്പിക്കൽ പതിവാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം : സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവാണ് താനൂര്‍ പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ 15ന് രാത്രിയാണ് താനൂര്‍ മുക്കോല മേഖലയില്‍ സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിപിഐഎം മുക്കോല ബ്രാഞ്ച് സെക്രട്ടറി താനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ജിഷ്ണു പിടിയിലാകുന്നത്.

പുതുവത്സര ആഘോഷം നടക്കവേ താനൂര്‍ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പൊലീസ് സംഘം താനൂര്‍ പരിസരത്ത് ഒരാള്‍ സിപിഐഎമ്മിന്റെ കൊടിതോരണങ്ങള്‍ നശിപ്പിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ നേരത്തെയും പാര്‍ട്ടി കൊടിയും തോരണങ്ങളും നശിപ്പിച്ചത് താനാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave A Reply

Your email address will not be published.