ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. അമ്പെയ്ത്ത് പുരുഷ-വനിത വിഭാഗങ്ങളിലെ റാങ്കിംഗ് റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. ഫുട്ബോൾ, റഗ്ബി, ഹാൻഡ്ബോൾ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും ഇന്ന് നടക്കുന്നുണ്ട്. നാളെയാണ് ഒളിന്പിക്സിന് ഔദ്യോഗികമായി തുടക്കമാകുന്നത്. ഇന്ത്യൻ പ്രതീക്ഷകളുമായി വില്ലുകുലയ്ക്കുന്നത് ആറ് താരങ്ങളാണ്. പുരുഷ വിഭാഗത്തിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ്, വനിതാ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരി, ഭജൻ കൗർ, അങ്കിത ഭഗത് എന്നിവരാണ് ഇറങ്ങുന്നത്. ഇത്തവണത്തെ ഒളിമ്പിക്സിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ പ്രാധിനിത്യമുള്ള ഏക ഇനമാണ് അമ്പെയ്ത്ത്. പുരുഷ- വനിത വ്യക്തി ഗത , ടീം വിഭാഗങ്ങളിലും മിക്സഡ് റൌണ്ടിലും ഇന്ത്യൻ താരങ്ങൾ മത്സരിക്കും.
റാങ്കിങ് നിശ്ചയിക്കുന്ന റൗണ്ടാണ് ഇന്ന് നടക്കുന്നത്. 64 വീതം താരങ്ങൾ പുരുഷ-വനിത വിഭാഗങ്ങളിൽ മത്സരരംഗത്തുണ്ട്. 70 മീറ്റർ ദൂരത്തുള്ള ലക്ഷ്യത്തിലേക്ക് 72 തവണ ഓരോ താരങ്ങളും അന്പെയ്യണം. നേടുന്ന പോയിന്റിന് അനുസരിച്ച് താരങ്ങൾക്ക് റാങ്ക് നൽകും. ഈ റാങ്ക് അനുസരിച്ചാണ് അടുത്ത റൗണ്ടിലെ മത്സരക്രമം തയ്യാറാക്കുന്നത്.