Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൊവിഡ് കാലത്ത് ആരും ശ്വാസംമുട്ടി മരിച്ചിട്ടില്ല ; സിഎജി റിപ്പോർട്ട് തളളി വീണാ ജോർജ്

തിരുവനന്തപുരം : കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ ക്രമക്കേട് നടന്നുവെന്ന സി എ ജി റിപ്പോർട്ട് തളളി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ലെന്നും സർക്കാർ ആശുപത്രികളിലൂടെ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്നും വീണാ ജോർജ് സഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി.രണ്ട് തവണ കൊവിഡ് രോ​ഗം വ്യാപിച്ചപ്പോഴും ഫലപ്രദമായാണ് കേരളം നേരിട്ടതെന്നും മന്ത്രി പറഞ്ഞു. ‘വെന്റിലേറ്റർ സഹായം ലഭിക്കാതെ കേരളത്തിൽ ആരുടേയും ജീവൻ നഷ്ടമായിട്ടില്ല. കൊവിഡ് കാലത്ത് ആരും ശ്വാസം മുട്ടി മരിച്ചിട്ടില്ല. നമ്മുടെ പുഴകളിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്നിട്ടില്ല, പിപിഇ കിറ്റ് ഇട്ടായിരുന്നു അന്ന് മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത്. കൊവിഡ് കാലത്ത് വിദേശത്ത് നിന്നുപോലും ആളുകൾ ചികിത്സയ്ക്കായി കേരളത്തിലേക്ക് വന്നിരുന്നു’, വീണാ ജോർജ് സഭയിൽ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒമ്പത് ശതമാനം മാത്രമാണ് അതിൽ കേന്ദ്ര സഹായമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ​ഗുണമേന്മ ഉറപ്പുവരുത്തിയാണ് മരുന്നുകൾ വാങ്ങുന്നത്. കേന്ദ്ര ഡ്ര​ഗ്സ് കൺട്രോൾ അനുവദിച്ച മരുന്ന് മാത്രമാണ് കേരളത്തിൽ വിൽക്കുന്നതെന്നും മന്ത്രി സഭയിൽ അറിയിച്ചു.

Leave A Reply

Your email address will not be published.