Malayalam Latest News

പുതിയ നിപ്പ കേസുകളില്ല; ആകെ 94 സാംപിളുകൾ നെഗറ്റീവ്: വീണാ ജോർജ്

KERALA NEWS TODAY-കോഴിക്കോട് : സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
പരിശോധിച്ചതിൽ ഇതുവരെ 94 സാംപിളുകൾ നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജിൽ 21 പേരാണ് ഐസലേഷനിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഐഎംസിഎച്ചിൽ രണ്ടു കുട്ടികൾ കൂടിയുണ്ട്.
പോസിറ്റീവായിട്ടുള്ള ആളുകൾ ചികിത്സയിലുള്ള ആശുപത്രികളിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് ചേർന്ന ആരോഗ്യ വിദഗ്ധരുടെ യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘‘പ്രത്യേക മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ചികിത്സയിലിരിക്കുന്നവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആദ്യം മരിച്ച വ്യക്തിയുടെ കുട്ടി വെന്റിലേറ്ററിലാണെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. അവസാനം പോസിറ്റീവ് ആയ വ്യക്തിയുടെ സമ്പർക്കവിവരങ്ങൾ ഇന്ന് ലഭ്യമാകും. മുപ്പതാംതീയതി മരിച്ച വ്യക്തിക്ക് എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പരിശോധിക്കുന്നുണ്ട്.’’– മന്ത്രി പറഞ്ഞു.

രോഗികളെ എത്തിക്കുന്നതിനായി കൂടുതൽ ആംബുലൻസുകൾ നിയോഗിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലെ സാംപിൾ ശേഖരണം ഇന്ന് പൂർത്തിയാക്കും. എല്ലാവരെയും ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി പരിശോധിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രസംഘം പ്രശംസിച്ചതായും വീണാ ജോർജ് കൂട്ടിച്ചേർത്തു

Leave A Reply

Your email address will not be published.