KERALA NEWS TODAY-കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ നിപ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ജില്ലയിലെ മരുതോങ്കര ഗ്രാമപഞ്ചായത്തിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമീപത്തെ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി കണ്ടെയ്ൻമെന്റ് സോണ്‍ രൂപീകരിച്ചത്.
ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കലക്ടർ എ ഗീത പുറത്തിറക്കി.
കണ്ടെയ്ൻമെന്റ് സോണായി വാർഡുകൾ
ആയഞ്ചേരി ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14,15 വാർഡുകൾ
മരുതോങ്കര ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14 വാർഡുകൾ
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്- 1,2,20 വാർഡുകൾ
കുറ്റ്യാടി ഗ്രാമപഞ്ചായത്ത്- 3,4,5,6,7,8,9,10 വാർഡുകൾ
കായക്കൊടി ഗ്രാമപഞ്ചായത്ത്- 5,6,7,8,9 വാർഡുകൾ
വില്യാപ്പളളി ഗ്രാമപഞ്ചായത്ത്- 6,7 വാർഡുകൾ
കാവിലും പാറ ഗ്രാമപഞ്ചായത്ത്- 2,10,11,12,13,14,15,16 വാർഡുകൾ എന്നിവയാണ് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
കണ്ടെയ്ൻമെന്റ് സോണ്‍ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ ഈ പ്രദേശങ്ങളിൽ അനുവദനീയമായിട്ടുള്ളു.
ഇവയുടെ പ്രവർത്തന സമയം രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമായി പരിമിതപ്പെടുത്തി.
മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതാണ്. എന്നാൽ സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖല-ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കുന്നതല്ല .