Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കേരളത്തിൽ 4 പേർക്ക് നിപ്പ സ്ഥിരീകരിച്ചു; കോഴിക്കോട്ട് മാസ്ക് നിർബന്ധമെന്ന് മന്ത്രി

KERALA NEWS TODAY-കോഴിക്കോട് : കേരളത്തിൽ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ.
പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സാംപിൾ പരിശോധനാഫലം കിട്ടിയതിനു പിന്നാലെയാണു സ്ഥിരീകരണം.
മരിച്ച രണ്ടുപേർക്കും നിപ്പയാണെന്നു നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സ്ഥിരീകരിച്ചിരുന്നു .

‘‘സമ്പർക്കപ്പട്ടികയിൽ ആകെ 168 പേരുണ്ട്. ആദ്യത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ്. അതിൽ 127 ആരോഗ്യപ്രവർത്തകരാണ്. ബാക്കി 31 പേർ വീട്ടിലും പരിസരത്തും ഉള്ളവർ. രണ്ടാമത്തെ കേസിലെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേരാണുള്ളത്. എന്നാൽ, അതിൽ 10 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൺട്രോള്‍ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളരെ ഹൈ റിസ്ക്, ലോ റിസ്ക് ആയി തരംതിരിക്കും. ആരൊക്കെയായിട്ടാണ് അടുത്തിടപഴകിയിട്ടുള്ളത് എന്നു കണ്ടെത്താൻ ഇവർ പോയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. പൊലീസിന്റെ കൂടി സഹായം തേടും.

വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സർവേ നടത്തും. 3 കേന്ദ്ര സംഘങ്ങൾ ബുധനാഴ്ച എത്തും. ആരും ആശങ്കപ്പെടേണ്ടതില്ല. ഇതുസംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ആരോഗ്യവകുപ്പും സർക്കാരും നൽകും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണം’’– മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.