KERALA NEWS TODAY-കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ എ.സി മൊയ്തീന്‍ ഇ.ഡിക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.
നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇ.ഡിയെ ഇമെയിലിലൂടെ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കായുള്ള ക്ലാസില്‍ പങ്കെടുക്കാനായി എ.സി മൊയ്തീന്‍ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.
ഈ മാസം 10ന് മൊയ്തീനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
സമര്‍പ്പിച്ച രേഖകളും ഇ.ഡി ശേഖരിച്ച വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടതോടെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്.
നേരത്തെ മൊയ്തീന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷേപ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
അതിന് ശേഷം തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് കാട, വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ അരവിന്ദാക്ഷന്‍ എന്നിവരെ തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
അതിന് പിന്നാലെ തിങ്കളാഴ്ച കേസില്‍ ഉള്‍പ്പെട്ട ബിനാമികളെന്ന് കരുതുന്നവരുടെ വീടുകള്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.