Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വിഴിഞ്ഞത്ത് നാളെ മദർഷിപ്പ് ‘ഡെയ്‌ല’ എത്തും

ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മദര്‍ഷിപ്പ് നാളെ വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടക്കുന്ന ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് കപ്പലെത്തുന്നത്. ഡെയ്‌ല കപ്പലാണ് നാളെ വിഴിഞ്ഞത്തെത്തുന്നത്. ഡെയ്‌ലാ കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുണ്ട്. മൗറീഷ്യസില്‍ നിന്നും മുംബൈ തുറമുഖം വഴിയാണ് കപ്പല്‍ വിഴിഞ്ഞെത്തുന്നത്. വിഴിഞ്ഞത്തിറക്കുന്ന കണ്ടെയ്‌നറുകള്‍ തിരികെ കൊണ്ടുപോകാന്‍ എംഎസ്‌സിയുടെ ഫീഡര്‍ അടുത്ത ആഴ്ചയെത്തും. ട്രയല്‍ റണ്ണിന്റെ ഭാഗമായി മൂന്ന് കപ്പലുകള്‍ നേരത്തെ വിഴിഞ്ഞത്തെത്തിയിരുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 10 കപ്പലുകളെത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കും. മദര്‍ഷിപ്പുകള്‍ എത്തിയ ശേഷം തുറമുഖത്തിന്റെ ക്ഷമത വിലയിരുത്തിയതിന് ശേഷമായിരിക്കും വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുക. ഇതോട് കൂടി രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. മദര്‍ഷിപ്പുകളില്‍ നിന്ന് മറ്റ് ചെറു കപ്പലുകളിലേക്ക് ചരക്കുനീക്കം നടത്താന്‍ കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.