പാരിസ് ഒളിംപിക്സ് 25 മീറ്റർ ഷൂട്ടിംഗിൽ ഇന്ത്യയുടെ മനു ഭാക്കറിന് തോൽവി. അവസാന നിമിഷം വരെ മെഡൽ പ്രതീക്ഷ ഉണർത്തിയ ശേഷം ഇന്ത്യൻ വനിത താരം നാലാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിംഗ് 10 മീറ്റർ എയർ പിസ്റ്റൽസിൽ വനിത വിഭാഗത്തിലും മിക്സഡ് ഇനത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ആദ്യ സീരിസിൽ രണ്ട് പോയിന്റ് മാത്രം നേടിയ മനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ ശക്തമായി പോരാടിയ താരം മൂന്ന് സീരിസ് പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. നാലാം സീരിസിൽ ആറാം സ്ഥാനത്തേയ്ക്ക് വീണു. എങ്കിലും വീണ്ടും ശക്തമായി തിരിച്ചുവന്ന മനു ഏഴാം സീരിസ് ഷൂട്ടിംഗ് കഴിയും വരെ രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നു. വെങ്കല മെഡൽ ജേതാവിനെ നിശ്ചയിക്കുന്ന എട്ടാം സീരിസിൽ മനുവിന് വിജയിക്കാൻ കഴിഞ്ഞില്ല. ഹംഗറിയുടെ വെറോണിക മേജറോടാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. പാരിസ് ഒളിംപിക്സിൽ ഇതുവരെ മൂന്ന് വെങ്കല മെഡലുകളാണ് ഇന്ത്യൻ സംഘത്തിന്റെ നേട്ടം.