ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ നാലംഗ സംഘത്തിലെ ഒരാള്‍ മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുള്ള ജോഷിമഠില്‍ ട്രക്കിംഗിന് പോയത്. ഇതിനിടെ അമലിന്റെ ആരോഗ്യനില മോശമായി. നാല് പേരെയും ഗരുഡിലെ ബേസ് ക്യാമ്പിലേയ്ക്ക് മാറ്റിയെങ്കിലും അമലിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാകുകയും മരണം സംഭവിക്കുകയായിരുന്നു. അമലിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ടുവരാനാണ് തീരുമാനം.