കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്കി മലയാളക്കര. കരുമാലൂരിലെ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില്‍ ആചാരപ്രകാരം മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സഹോദരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ കളമശ്ശേരി ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാവിലെ 9 മുതല്‍ 12 മണി വരെയായിരുന്നു പൊതുദര്‍ശനം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, സിദ്ദിഖ്, ജോഷി, സത്യന് അന്തിക്കാട് തുടങ്ങി മലയാള സിനിമയിലെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിട പറഞ്ഞത് മലയാളികളുടെ അമ്മ മുഖമെന്ന് സിനിമാലോകം അനുശോചിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി മന്ത്രി പി രാജീവ് റീത്ത് വെച്ചു. മന്ത്രി മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്നു മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദ്ദേഹം ആലുവ കരുമാലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്.