കോഴിക്കോട് : വയനാട് പുനഃരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുണ്ടക്കൈ-ചുരല്‍മല ദുരന്തത്തിന് സഹായമാണ് നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വായ്പ വേറൊരു ഭാഗമാണ്. അത് സഹായത്തിന് പകരമാകില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാക്കണം. ദുരന്തത്തിന്റെ ഭാഗമായുള്ള സഹായം ലഭിക്കണം. വായ്പയില്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. വിദ്യാഭ്യാസ മേഖല ലാഭം കൊയ്യാനുള്ള ഇടമാണെന്ന മനോഭാവമാണ് ഇപ്പോൾ നടക്കുന്നത്. അതിന് സർക്കാരുകളും പിന്തുന്ന നൽകിയപ്പോഴാണ് അൺ എയ്ഡഡ് സ്ഥാപനങ്ങൾ സൃഷ്ടിക്കപ്പെട്ടത്. എയിഡഡ് സ്ഥാപനങ്ങളുടെ കടന്നുവരവ് പൊതുവിദ്യാലയങ്ങളുടെ തകർച്ചയിലേക്കാണ് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.നാലായിരത്തോളം സ്കൂളുകൾ അടച്ചു പൂട്ടലിൻ്റെ ഭീഷണിയിലായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്ന് 5 ലക്ഷത്തോളം കുട്ടികളാണ് കൊഴിഞ്ഞു പോയത്. ഇതിന് പരിഹാരമില്ലെന്നാണ് അന്ന് കരുതിയതെന്നും എന്നാൽ 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതോടെ ഇതിന് മാറ്റമുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.