കൊല്ലം : കുണ്ടറയില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കുട്ടിയുടെ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജസ്റ്റിസ് അഞ്ജു മീര ബിർലയാണ് ശിക്ഷ വിധിച്ചത്. 2017 ൽ പീഡനത്തിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കിയ കേസിലാണ് ശിക്ഷാവിധി. 2017 ജനുവരിയിലാണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനൊന്നുകാരിയെ വീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞത്. കുട്ടി തുടർച്ചയായി പീഡനത്തിനിരയായിരുന്നതായും മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ ശരീരത്തിൽ 22 മുറിവുകൾ ഉണ്ടായിരുന്നതായും ഡോക്ടർമാർ മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പതിനൊന്നുകാരിയുടെ സഹോദരിയായ പതിമൂന്നുകാരിയേയും മുത്തച്ഛൻ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ആഴ്ചകൾക്ക് ശേഷമായിരുന്നു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിചാരണയ്ക്കിടെ പ്രധാനസാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിതീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു.