KERALA NEWS TODAY-ആലപ്പുഴ: പുന്നമട വിളിക്കുന്നു; ഇന്നാണു കായൽ കളിക്കളമാകുന്നത്. 69–ാമത് നെഹ്റു ട്രോഫി വള്ളംകളിക്കൊരുങ്ങി ജലരാശി വെട്ടിത്തിളങ്ങുന്നു. കരകളിൽ ആരവം.
ഒൻപതു വിഭാഗങ്ങളിലായി 72 ജലയാനങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പങ്കെടുക്കുന്ന മത്സരമാണു പ്രധാനം. ചുണ്ടൻ വള്ളങ്ങളിലെ ജേതാവിനാണു നെഹ്റു ട്രോഫി. മിക്ക ചുണ്ടൻ വള്ളങ്ങളിലും എൺപതിലേറെ തുഴച്ചിലുകാരുണ്ടാവും.
രാവിലെ 11 ന് വിവിധ വിഭാഗങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ തുടങ്ങും. ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാവും. നാലു ട്രാക്കുകളിലായാണു വള്ളങ്ങൾ മത്സരിക്കുന്നത്. നാലോ അതിൽ കുറവോ വള്ളങ്ങൾ മാത്രമുള്ള ചുരുളൻ, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് ബി, തെക്കനോടി തറ, തെക്കനോടി കെട്ട് എന്നീ വിഭാഗങ്ങളിൽ ഫൈനൽ മാത്രമേ ഉണ്ടാവൂ. തെക്കനോടി വള്ളങ്ങൾ തുഴയുന്നതു വനിതകളാണ്.
ഫൈനൽ മത്സരങ്ങൾ വൈകിട്ട് 4 ന് തുടങ്ങും. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക.
കായലിലെ ട്രാക്കിൽ വെള്ളം കുറവായതിനാൽ ഇന്നലെ തണ്ണീർമുക്കം ബണ്ടിലെ 75 ഷട്ടറുകൾ അടച്ച് ജലനിരപ്പു ക്രമീകരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ചുമതലയ്ക്കുണ്ടാവും. വിവിധ ജില്ലകളിൽനിന്നു കെഎസ്ആർടിസി ആലപ്പുഴയിലേക്കു പ്രത്യേക സർവീസ് നടത്തും. കായലിൽ വിവിധ കലാപ്രകടനങ്ങൾ നടക്കും. വള്ളംകളിയോടനുബന്ധിച്ചു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.