ഹൈദരാബാദ്: ആദ്യഫലസൂചനകൾ വരുമ്പോൾ തെന്നിന്ത്യൻ സംസ്ഥാനമായ തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസിന് കാലിടറുന്നു. ആദ്യഘട്ട ഫലസൂചനകൾ വരുമ്പോൾ 119 സീറ്റുകളിൽ നടന്ന മത്സരത്തിൽ കോൺഗ്രസിന് മുന്നിൽ 62 സീറ്റുകളിൽ മുന്നേറ്റമുണ്ട്. നിലവിലെ ഭരണകക്ഷിയായ ബിആർഎസിന് 36 സീറ്റുകൾ മാത്രമാണ് ലീഡ് നിലനിർത്താൻ സാധിച്ചിരിക്കുന്നത്.മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മത്സരിക്കുന്ന കമ്മറെഡിയിലും ഗജ്വാളിലും അദ്ദേഹം പിന്നിലാണുള്ളത്. ഇതിൽ ഒരു കാമറെഡിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സംസ്ഥാന അധ്യക്ഷൻ കൂടിയായ രേവന്ദ് റെഡ്ഡിയാണ്. ആയിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് രേവന്തിനുള്ളത്. സംസ്ഥാനത്ത് ബിജെപി നാലാം സ്ഥാനത്താണുള്ളത്. ബിജെപിയുടെ രാജാ സിങ് 3,990 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്.തെലങ്കാനയിലെ എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസിന് അനുകൂലമായിരുന്നു. 2014ൽ സംസ്ഥാനം രൂപീകരിച്ചത് മുതൽ കെ ചന്ദ്രശേഖരറാവു തന്നെയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മകൻ കെടിആർ മുന്നിലാണെന്നതും ശ്രദ്ധേയമാണ്.ഹൈദരാബാദിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ വസതിക്ക് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയത്.
രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. നിലവിൽ ഛത്തീസ്ഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നേറുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി മുന്നേറുകയാണ്.
തെലങ്കാനയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 119 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിവിധ സർവേകൾ കോൺഗ്രസിന് 78 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്.