NATIONAL NEWS-മുംബൈ : രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ സംഖ്യത്തിന്റെ ഏകോപനസമിതിയില്‍ തീരുമാനമായി.
14 അംഗങ്ങളാണ് സമിതിയില്‍ ഉണ്ടാവുക.
ഇതില്‍ വിവിധ പാര്‍ട്ടികളിലെ 13 പേരെ പ്രഖ്യാപിച്ചു.
സി.പി.എം. പ്രതിനിധിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനവും വ്യാഴാഴ്ച മുംബൈയില്‍ ആരംഭിച്ച മുന്നണിയുടെ മൂന്നാമത് യോഗത്തില്‍ തീരുമാനമായി.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ. എം.പി. ടി.ആര്‍. ബാലു, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്, ജെ.എം.എം. നേതാവ് ഹേമന്ത് സോറന്‍, തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി, എ.എ.പി. നേതാവ് രാഘവ് ഛദ്ദ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പി.ഡി.പി. നേതാവ് മെഹബൂബ മുഫ്തി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.ഡി.യു. നേതാവ് ലല്ലന്‍ സിങ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് ജാവേദ് അലി ഖാന്‍ എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍. ഗാന്ധി കുടുംബത്തില്‍നിന്ന് ആരും സമിതിയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.
വരാനിരിക്കന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടാന്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചു.
2024- ലെ തിരഞ്ഞെടുപ്പ് പറ്റാവുന്നിടത്തോളം ഒന്നിച്ചുനേരിടുമെന്നാണ് പ്രമേയത്തിലുള്ളത്.
സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. നീക്കുപോകുക്കളുടെ അടിസ്ഥാനത്തില്‍ പരമാവധി വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
സെപ്റ്റംബര്‍ അവസാനത്തോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാവുെന്നാണ് സൂചന.
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്താനും തീരുമാനമായി.
ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ (ഒരുമിക്കുന്ന ഭാരതം, വിജയിക്കുന്ന ഇന്ത്യ) എന്നതായിരിക്കും മുന്നണിയുടെ മുദ്രാവാക്യം.
യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ മമത ബാനര്‍ജി പൊന്നാടയണിച്ചു.