Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സ്വാതന്ത്ര്യദിനാഘോഷം: സെന്‍ട്രല്‍ വിസ്ത നിര്‍മാണ തൊഴിലാളികളടക്കം 1,800 വിശിഷ്ടാതിഥികള്‍

NATIONAL NEWS-ന്യൂഡല്‍ഹി : രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തുമ്പോള്‍ സാക്ഷിയാവുക 1,800- ലേറെ വിശിഷ്ടാതിഥികള്‍.
ഭരണനിര്‍വഹണത്തില്‍ പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ജന്‍ ഭഗിരഥി പദ്ധതിയുടെ ഭാഗമായാണ് ഇത്രയും അതിഥികളേയും അവരുടെ പങ്കാളികളേയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിലേക്ക് ക്ഷണിക്കുക.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കൂടിയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം.

മികച്ച 660 ഗ്രാമങ്ങളില്‍നിന്നുള്ള 400 തലവന്മാര്‍, കാര്‍ഷിക ഉത്പാദക സംഘടനകളില്‍നിന്ന് 250 പേര്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധിയുടേയും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടേയും ഗുണഭോക്താക്കളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെതടക്കം സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തില്‍ പങ്കുചേര്‍ന്ന 50 തൊഴിലാളികള്‍, 50 ഖാദി തൊഴിലാളികള്‍, അതിര്‍ത്തി റോഡുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അമൃത് സരോവര്‍, ഹര്‍ ഘര്‍ ജല്‍ പദ്ധതിയുടെ നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കും 50 വീതം പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാര്‍, നഴ്‌സുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചെങ്കോട്ടയിലെ ചടങ്ങിന് സാക്ഷിയാവും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍നിന്നുമായി പരമ്പരാഗത വസ്ത്രം ധരിച്ച 75 ദമ്പതികള്‍ക്കും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണമുണ്ട്.

ദേശീയ യുദ്ധസ്മാരകം, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍. പ്രഗതി മൈതാനം, രാജ്ഘട്ട്, ജുമ മസ്ജിദ് മെട്രോ സ്‌റ്റേഷന്‍, രാജിവ് ചൗക്ക് മെട്രോ സ്‌റ്റേഷന്‍, ഡല്‍ഹി ഗേറ്റ് മെട്രോ സ്‌റ്റേഷന്‍, ഐ.ടി.ഐ. മെട്രോ സ്‌റ്റേഷന്‍ അടക്കം 12 ഇടങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി സെല്‍ഫി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയും സെന്‍ഫി കോണ്‍ടസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. 12 ഇടങ്ങളില്‍ ഒന്നോ ഒന്നിലേറെയോ സ്ഥലത്തുനിന്ന് എടുത്ത സെല്‍ഫി MyGov പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചാല്‍, ഒരു സെല്‍ഫി പോയിന്റില്‍നിന്ന് ഓരോരുത്തരെ വിജയകളായി തിരഞ്ഞെടുത്ത് 10,000 രൂപ സമ്മാനം നല്‍കും.

Leave A Reply

Your email address will not be published.