KERALA NEWS TODAY-കൊച്ചി : എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് വിദ്യാർഥികൾ.
നടപടി നേരിട്ട 6 വിദ്യാർഥികളാണു ഡോ. സി.യു.പ്രിയേഷിനോടു നേരിട്ടു മാപ്പു പറഞ്ഞത്.
തെറ്റ് ആവർത്തിക്കില്ലെന്നു വിദ്യാർഥികളും രക്ഷിതാക്കളും ഉറപ്പു നൽകി.
കോളജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണു വിദ്യാർഥികൾ മാപ്പപേക്ഷിച്ചത്.
പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയേഷിനെ കഴിഞ്ഞ മാസമാണു ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാർഥികള്‍ അപമാനിച്ചത്.
പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിനു മൊഴി നൽകിയതോടെ സംഭവത്തിൽ കേസെടുക്കില്ലെന്നു പൊലീസ് വ്യക്തമാക്കി.
നേരത്തെ കോളജ് അധികൃതർക്കു നൽകിയ പരാതി പ്രിൻസിപ്പൽ സെൻട്രൽ പൊലീസിനു കൈമാറുകയായിരുന്നു.
താൻ കോളജ് അധികൃതർക്കു നൽകിയ പരാതിയിൽ ഉചിതമായ നടപടിയുണ്ടായിട്ടുണ്ടെന്നും സ്വന്തം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസിൽ താൽപര്യമില്ലെന്നുമായിരുന്നു പ്രിയേഷിന്റെ നിലപാട്. ഇതോടെയാണു കേസെടുക്കാനുള്ള നീക്കം പൊലീസ് ഉപേക്ഷിച്ചത്. ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാർഥികളില്‍ ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതിന്റെയും അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വിഡിയോയാണു പ്രചരിച്ചത്.