Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഇടുക്കിയാണ് മിടുക്കി; വലുപ്പത്തിൽ ഇടുക്കി ജില്ല വീണ്ടും ഒന്നാമത്

KERALA NEWS TODAY-കൊച്ചി: സംസ്ഥാനത്തെ ജില്ലകളിൽ വലുപ്പത്തിൽ ഒന്നാം സ്ഥാനം ഇടുക്കി തിരിച്ചുപിടിച്ചു.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി പഞ്ചായത്തിന്റെയും റവന്യു രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭരണ സൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്കു കൂട്ടിച്ചേർത്തതോടെയാണ് ഇടുക്കി ഒന്നാമതായത്.

ഇടുക്കിയുടെ ആകെ വിസ്തീർണം 4358ൽനിന്നു 4612 ചതുരശ്ര കിലോമീറ്ററായി.
ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന പാലക്കാടിന്റെ വിസ്തീർണം 4482 ചതുരശ്ര കിലോമീറ്ററാണ്.
പുതിയ മാറ്റം സെപ്റ്റംബർ 5ലെ സർക്കാർ വിജ്ഞാപന പ്രകാരം നിലവിൽ വന്നു.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ സർക്കാർ ഗസറ്റിലും ഇത് ഉൾപ്പെടുത്തി.
ഇത്രയും സ്ഥലം ഇടുക്കിയിലേക്കു ചേർത്തതോടെ എറണാകുളം ജില്ല വിസ്തീർണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുനിന്ന് അഞ്ചാമതായി.
അഞ്ചാമതായിരുന്ന തൃശൂർ (3032 ചതുരശ്ര കിലോ മീറ്റർ) നാലാം സ്ഥാനത്തേക്ക് ഉയർന്നു.
3068 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന എറണാകുളത്തിന്റെ പുതിയ വിസ്തീർണം 2924 ചതുരശ്ര കിലോ മീറ്ററാണ്.
മലപ്പുറമാണു (3550) മൂന്നാമത്തെ വലിയ ജില്ല. പുതിയ മാറ്റത്തോടെ പിഎസ്‌സി പരീക്ഷകളിലും മറ്റും ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിന് ഉത്തരം വീണ്ടും ഇടുക്കിയാകും.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി പ‍ഞ്ചായത്തിലും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലുമായി നിന്ന ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്കു പുതിയ മാറ്റത്തോടെ പട്ടയം ലഭിക്കുന്നതടക്കമുള്ള റവന്യു ആവശ്യങ്ങൾക്ക് ഇനി കുട്ടമ്പുഴയിലേക്കു വരേണ്ടിവരില്ല. അവർ ഇനി ഇടമലക്കുടി വില്ലേജിന്റെ ഭാഗമാകും. ദേവികുളം സബ് കലക്ടർക്കാണ് ഇടമലക്കുടിയിൽ പട്ടയവിതരണമടക്കമുള്ള കാര്യങ്ങളുടെ ചുമതല. ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ക്രമീകരണമെന്നു റവന്യു അധികൃതർ പറയുന്നു.

Leave A Reply

Your email address will not be published.