Malayalam Latest news ചെന്നൈ: ഗംഭീര വിടവാങ്ങല്‍ എന്ന ആശയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍. അശ്വിന്‍ ഗംഭീരമായ വിടവാങ്ങല്‍ മത്സരം അര്‍ഹിച്ചിരുന്നുവെന്ന കപില്‍ ദേവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അന്താരാഷ്ട്ര കരിയറില്‍ ഖേദിക്കേണ്ട ഒരു കാര്യവും തോന്നിയിട്ടില്ല. ഒരു യൂട്യൂബ് ഷോയില്‍ പങ്കെടുക്കവെയായിരുന്നു അശ്വിന്റെ പ്രതികരണം.
”എന്നെ സംബന്ധിച്ചിടത്തോളം, ഗംഭീരമായ വിടവാങ്ങലുകള്‍ തെറ്റാണ്, നിങ്ങള്‍ ആര്‍ക്കും വലിയ വിടവാങ്ങല്‍ ചടങ്ങുകള്‍ നല്‍കണമെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ചും, നിങ്ങള്‍ എനിക്ക് ഒരു വലിയ യാത്രയയപ്പ് നല്‍കരുതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആരും എനിക്കു വേണ്ടി ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കുകയുമരുത്. ഗംഭീരമായ വിടവാങ്ങലുകള്‍ സൂപ്പര്‍ സെലിബ്രിറ്റി സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് ഞാന്‍ കരുതുന്നത്.” – അശ്വിന്‍ പറഞ്ഞു. തന്നെ ആഘോഷിക്കാന്‍ വേണ്ടി മാത്രമായി ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ അത് കളിയെ അപകീര്‍ത്തിപ്പെടുത്തുന്നതായാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരമിക്കല്‍ പൂര്‍ണമായും തന്റെ തീരുമാനമാണെന്നും ഇത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് യാത്രയുടെ അവസാനം മാത്രമാണെന്നും അശ്വിന്‍ ഊന്നിപ്പറഞ്ഞു. ആരോടും ദേഷ്യമില്ല. വിരമിക്കലിനു ശേഷം ഒരല്‍പം പോലും ഞാന്‍ കരഞ്ഞിട്ടില്ല. വിരമിക്കലിന് മറ്റാരും ഉത്തരവാദികളല്ല. ഇനി ആരെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ, തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.