Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധയാണ് എച്ച്എംപിവി ; ലോകാരോഗ്യസംഘടന

എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച്എംപി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 2024 ഡിസംബര്‍ 29 വരെയുള്ള കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ, എച്ച് എം പി വി, റൈനോ വൈറസ്, ആര്‍ എസ് വി എന്നിവ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ അത് ശൈത്യകാലത്ത് പ്രതീക്ഷിക്കപ്പെടുന്ന അളവില്‍ മാത്രമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ചുരുക്കം കേസുകളില്‍ ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആകാം. എച്ച്എംപിവി ബാധിച്ച മിക്കവര്‍ക്കും ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും ലോകാരോഗ്യ സംഘടന പറയുന്നു. ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ടുവെന്നും അസാധാരണമായ ഒരു സാഹചര്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യവും നിലനില്‍ക്കുന്നില്ല. ലോകമെമ്പാടുമുള്ള ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Leave A Reply

Your email address will not be published.