Malayalam Latest News

അമിത പലിശയ്ക്ക് വായ്പ: വ്യാപക റെയ്ഡ്

KERALA NEWS TODAY-കൊല്ലം : അമിത പലിശ ഈടാക്കി പണം വായ്പ നൽകുന്നവർക്കെതിരായ പരിശോധന ശക്തമാക്കി സിറ്റി പൊലീസ്.
53 പേരുടെ വീടുകളിലും സ്ഥാപനങ്ങളിലും സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദേശപ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി.
ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് നിരവധി മുദ്രപ്പത്രങ്ങളും രേഖകളും പണം വിനിമയത്തിന്റെ കുറിപ്പുകളും പൊലീസ് കണ്ടെടുത്തു.
കൊല്ലം സബ് ഡിവിഷൻ പരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 21 സ്ഥലങ്ങളിലും ചാത്തന്നൂർ സബ് ഡിവിഷൻ പരിധിയിലെ 4 സ്റ്റേഷനുകളിലായി 13 സ്ഥലത്തും കരുനാഗപ്പള്ളി സബ് ഡിവിഷനിലെ 4 സ്റ്റേഷനുകളിലായി 19 സ്ഥലങ്ങളിലും റെയ്ഡ് നടത്തി.

വിവിധ റെയ്ഡുകളിലായി വിലയാധാരത്തിന്റെ പകർപ്പുകളും മുദ്രപ്പത്രങ്ങളും പണയമായി സ്വീകരിച്ച വാഹനങ്ങളുടെ ആർസി ബുക്കുകളും വിവിധ ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകളും റവന്യു സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ട വെള്ളക്കടലാസുകളും വിവിധ സഹകരണ ബാങ്കുകളിലെ ചിട്ടി ബുക്കുകളും പിടിച്ചെടുത്തു.
അമിത പലിശ ഈടാക്കി പണം നൽകുന്നവർക്കെതിരെ ലഭിച്ച പരാതികളും പൊലീസ് ശേഖരിച്ച രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സിറ്റി പരിധിയിലെ എല്ലാ സ്റ്റേഷനുകളിലും ശക്തമായ പരിശോധന നടത്തിയത്.
ഇത്തരക്കാർക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.