സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരുമെന്ന് വ്യക്‌തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അതിശക്തമായ മഴ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴ തുടരാനാണ് സാധ്യത. കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു.