ജനജീവിതം ദുസഹമാക്കി ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. ഇതേ തുടർന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. 100ലധികം വിമാനങ്ങൾ വൈകി. ഡൽഹിയിൽ കൊടും തണുപ്പാണ് നിലവിൽ അനുഭവപ്പെടുന്നത്. 26 ട്രെയിനുകൾ വൈകി ഓടുന്നു. ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ഇന്ന് രാവിലെ 9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വൈകുന്നേരവും രാത്രിയും വീണ്ടും മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ കനത്ത മൂടൽമഞ്ഞിനും പിന്നീട് പകൽ മേഘാവൃതമായ ആകാശത്തിനും വൈകുന്നേരമോ രാത്രിയോ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. മൂടൽമഞ്ഞിനൊപ്പം വായുവിൻ്റെ ഗുണനിലവാരം മോശമാകുന്നത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) അഭിപ്രായപ്പെട്ടു.