അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക. പുതിയ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തില്‍ നിലയത്തില്‍ കുടുങ്ങിയത്. പുതിയ ചിത്രങ്ങളിൽ സുനിതയെ വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നതെന്നും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇനിയും മാസങ്ങൾ ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച ശേഷമേ സുനിതക്ക് ഭൂമിയിലേക്ക് തിരികെ വരാനാകൂ. മർദമുള്ള കാബിനുള്ളിൽ മാസങ്ങളായി തുടർച്ചയായി കഴിയേണ്ടി വരുന്നയാൾക്ക് സംഭവിക്കാവുന്ന മാറ്റങ്ങൾ സുനിതയിൽ കാണാനാകും. ഉടൻ ഒരു അപകട സാധ്യത കാണുന്നില്ലെങ്കിലും നിലവിലെ സാഹചര്യം ദീർഘമായി തുടരുന്നത് ആശങ്കയ്ക്കിടയാക്കുമെന്ന് സിയാറ്റിലിലെ ഡോക്ടറായ വിനയ് ഗുപ്ത പറയുന്നു.