Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ശ്രുതിക്ക് സർക്കാർ ജോലി നൽകണം ; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ച ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.

വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയും അടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ പെണ്‍കുട്ടിയാണ് ശ്രുതി. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്നും കരകയറാന്‍ ശ്രുതിക്ക് താങ്ങും തണലുമായി നിന്നത് പ്രതിശ്രുത വരന്‍ ജെന്‍സനാണ്. കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചു. അക്ഷരാര്‍ഥത്തില്‍ ശ്രുതി ഒറ്റയ്ക്കായി. കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോകുന്ന ശ്രുതിക്ക് ഈ സങ്കടകാലത്തെ അതിജീവിക്കാന്‍ കഴിയണം. അതിന് നമ്മള്‍ ശ്രുതിയെ ചേര്‍ത്തു പിടിക്കണം. ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്അഭ്യര്‍ഥിക്കുന്നു എന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് കത്ത് അവസാനിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.