NATIONAL NEWS-ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ സുഗമമായ നടത്തിപ്പിനായി, മികച്ച സേവനം കാഴ്ചവച്ച ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അത്താഴവിരുന്ന് ഒരുക്കുന്നു.
ജി20 ഉച്ചകോടി വേദിയായിരുന്ന ഭാരത് മണ്ഡപത്തിലായിരിക്കും അത്താഴവിരുന്ന്.
ഡൽഹി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ ഉൾപ്പെടെ 450 ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ഇതിനായി ഡൽഹിയിലെ എല്ലാ ജില്ലകളിൽനിന്നും, ഉച്ചകോടിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാരുടെ പട്ടിക നൽകാൻ കമ്മിഷണര്‍ നിർദേശം നൽകി.
നേരത്തെ, ജി20 സമ്മേളനത്തിൽ സുരക്ഷയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മിഷണർ പ്രത്യേക സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകിയിരുന്നു.
രാജ്യത്തിന്റെ നേട്ടങ്ങളില്‍ പങ്കുവഹിക്കുന്നവർക്ക് മുൻപും പ്രധാനമന്ത്രി അംഗീകാരം നൽകിയിട്ടുണ്ട്.
മേയിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നിർമാണ തൊഴിലാളികളെ അനുമോദിച്ചിരുന്നു.