ആലപ്പുഴ : അരൂക്കുറ്റിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ കുടുംബത്തിന് സഹായവുമായി പ്രവാസി മലയാളി. ബഹ്‌റൈനില്‍ നിന്നുള്ള പ്രവാസി മലയാളിയാണ് കുടുംബത്തിന് കൈത്താങ്ങായി മുന്നോട്ട് വന്നത്. കുടിശ്ശിക തുകയായ 3,56,000 രൂപ കൈമാറി.ജപ്തിയെ തുടര്‍ന്ന് അരൂക്കുറ്റി പുത്തന്‍ നികര്‍ത്തില്‍ രാമചന്ദ്രനും കുടുംബവുമാണ് മൂന്ന് ദിവസമായി വീടിന് പുറത്ത് കഴിയുന്നത്. ചൊവ്വാഴ്ചയാണ് വീട് ജപ്തി ചെയ്തത്. വായ്പാ കുടിശിക ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തത്. പതിനാല് മാസത്തെ അടവാണ് മുടങ്ങിയത്. രാമചന്ദ്രന്റെ മകനാണ് ലോണ്‍ എടുത്തത്. മകന്‍ സര്‍ക്കാര്‍ ബോട്ട് ഡ്രൈവറാണ്. നാല് വര്‍ഷം മുന്‍പാണ് ഇവര്‍ 15 ലക്ഷം രൂപ വായ്പ എടുത്തത്. ആറ് വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന കുടുംബം പുതിയ വീട്ടിലേക്ക് മാറിയത് 3 വര്‍ഷങ്ങള്‍ മുന്‍പാണ്.