Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ദുരിതാശ്വാസ നിധിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ; അഖിൽ മാരാർക്കെതിരെ കേസ്

വയനാട് ദുരന്തത്തിൽപ്പെട്ടവർ‌ക്ക് വ്യാപകമായി സഹായങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട അഖിൽ മാരാർക്കെതിരെ നടപടി. കൊച്ചി ഇൻഫോപാർക്ക് പൊലീസ് ആണ് നടനും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് താൻ പണം നൽകില്ലെന്നും ദുരന്തബാധിതർക്കായി അഞ്ചുസെന്റ് സ്ഥലത്തിൽ മൂന്ന് വീടുകൾ നിർമിച്ച് നൽകുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖിൽ മാരാരുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിയ്ക്കാണെന്ന് അഖിൽ മാരാർ ആരോപിച്ചിരുന്നു.

തന്റെ പാർട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നതെന്നും അവർക്ക് മാത്രം അദ്ദേഹം ദൈവമാണെന്നും സോഷ്യൽ മീഡിയയിലൂടെ അഖിൽ മാരാർ പറഞ്ഞു. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ലെന്നും ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ പരിഹസിച്ചിരുന്നു. താൻ വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു. തനിക്ക് സിപിഐഎം അനുഭാവികളിൽ നിന്നും നിരവധി മോശം കമന്റുകൾ നേരിടേണ്ടി വന്നതായി അദ്ദേഹം സൂചിപ്പിച്ചു. കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടെയെന്നായിരുന്നു ഫേസ്ബുക്കിലൂടെ തന്നെ അഖിൽ മാരാരുടെ പ്രതികരണം.

Leave A Reply

Your email address will not be published.