NATIONAL NEWS-ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുക്കമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ സംസ്ഥാന പദവി തിരികെ നല്‍കുന്നതിന് കുറച്ചുകൂടി സമയമെടുക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് അറിയിച്ചത്.
നിലവില്‍ ജമ്മു കശ്മീരില്‍ വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
ഇതിന് ശേഷം എപ്പോള്‍ തെരെഞ്ഞെടുപ്പ് നടത്തണമെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷനാണ് തീരുമാനിക്കേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഇനി ജമ്മു കശ്മീരില്‍ നടക്കേണ്ടത്. പഞ്ചായത്ത് മുന്‍സിപ്പല്‍ തെരെഞ്ഞടുപ്പുകള്‍ക്ക് ശേഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടത്താനാണ് സാധ്യതയെന്നും കേന്ദ്രം സൂചിപ്പിച്ചു.
ജമ്മു കശ്മീരിലെ ക്രമസമാധാന നിലയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് തുഷാര്‍ മേത്ത വ്യക്തമാക്കി. കശ്മീരിന്റെ വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ കാശ്മീരില്‍ അയ്യായിരത്തോളംപേരെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നുവെന്നും അതിനാലാണ് പ്രതിഷേധ സമരങ്ങള്‍ ഉണ്ടാകാത്തതെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷമുള്ള ഘടകങ്ങള്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയുള്ള കേസില്‍ പരിഗണിക്കരുതെന്നും സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന അവകാശ വാദങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ എതിര്‍ വാദങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.