NATIONAL NEWS-ബെംഗളൂരു: പ്രതിരോധവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ഡ്രോണ്‍ കര്‍ണാടകയില്‍ തകര്‍ന്നുവീണു.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തപസ് (TAPAS) ആളില്ലാവിമാനം ആണ് ഞായറാഴ്ച രാവിലെ ചിത്രദുര്‍ഗയിലെ കൃഷിയിടത്തില്‍ തകര്‍ന്നുവീണത്.
പരീക്ഷണപ്പറക്കലിനിടെയായിരുന്നു അപകടമെന്ന് പ്രതിരോധവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതിരോധമന്ത്രാലയത്തെ അപകടവിവരം ധരിപ്പിച്ചതായും ഡ്രോണ്‍ തകര്‍ന്നുവീഴാനിടയായ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റുസ്തം-II എന്നറിയപ്പെട്ടിരുന്ന യുഎവിയ്ക്ക് പകരമാണ് ‘ടാക്റ്റിക്കല്‍ എയര്‍ബോണ്‍ പ്ലാറ്റ്‌ഫോം ഫോര്‍ എരിയല്‍ സര്‍വൈലന്‍സ്-ബിയോണ്ട് ഹൊറൈസണ്‍-201’ അഥവാ തപസ്-ബി.എച്ച് 201 ആയി അവതരിപ്പിച്ചിട്ടുള്ളത്. ഈ കൊല്ലം ബെംഗളൂരുവില്‍ നടന്ന വ്യോമപ്രദര്‍ശനത്തിലാണ് തപസ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കര, വ്യോമ, നാവിക സേനകള്‍ക്ക് പ്രയോജനപ്രദമാകുന്ന വിധത്തിലാണ് തപസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.