ദില്ലി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ആചരിക്കും. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും മൻമോഹൻ സിങിന്‍റെ സംസ്കാരം. കോണ്‍ഗ്രസിന്‍റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പർക്ക പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 2025 ജനുവരി മൂന്നിന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും.