തന്റെ പഴയ സഹപ്രവർത്തകൻ എഡിഎം നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് വിഴിഞ്ഞം സീപോർട്ട് എംഡി ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റിൽ നവീനിന്റെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ സഹപ്രവർത്തകരും നാടും ഒരേ സമയം ദുഃഖത്തിലാണ്ടു പോയിരുന്നു. അങ്ങേയറ്റം വൈകാരികമായി സഹപ്രവർത്തകനോട് അടുപ്പം സൂക്ഷിക്കുന്ന കുറെയധികം ആളുകൾ അവസാനമായി നവീൻ ബാബുവിനെക്കാണാൻ കലക്ടറേറ്റിൽ എത്തി. ഒരു അപൂർവ്വ വിടവാങ്ങലിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. മുപ്പതുവർഷത്തോളം സർവീസിലിരിക്കെ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ അദ്ദേഹത്തിന്റെ മാതൃ വകുപ്പായ റവന്യു വകുപ്പിനില്ല. അദ്ദേഹത്തിന്റെ സർവീസ് റെക്കോർഡ്സിൽ ഒരു കറുത്ത മഷിയുടെ പാടുപോലും വീണിട്ടില്ല എന്നുള്ളതിന് തെളിവായിരുന്നു പൊതുദർശന ചടങ്ങിൽ തടിച്ചുകൂടിയ ജനക്കൂട്ടം.
നവീന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.സംസ്ക്കാരം വൈകിട്ടോടെയാണ് നടക്കുക. സ്ഥലംമാറ്റം ലഭിച്ച് സ്വന്തംനാടായ പത്തനംതിട്ടയിൽ അടുത്തദിവസം ചുമതലയിൽ പ്രവേശിക്കാനിരിക്കെയായിരുന്നു നവീനിന്റെ വിയോഗം. നാട്ടിലേക്ക് മടങ്ങാനിരുന്ന നവീൻ ബാബു, രാത്രിയോടെ ക്വാട്ടേഴ്സിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.